പ്ലൂട്ടോ: സൗരയൂഥത്തിലെ ഹൃദയം കവർന്ന കുള്ളൻ ഗ്രഹം

നമ്മുടെ സൗരയൂഥത്തിന്റെ അതിർത്തിയിൽ ഒളിപ്പിച്ച നിഗൂഢതയായിരുന്നു പ്ലൂട്ടോ. 1930-ൽ ക്ലൈഡ് ടോംബോ കണ്ടെത്തിയ ഈ ഗ്രഹം ഒരു നൂറ്റാണ്ടോളം വിദൂരതയിൽ ഒരു രഹസ്യമായി തുടർന്നു. ഹബിൾ ടെലിസ്‌കോപ്പിന്റെ മങ്ങിയ ചിത്രങ്ങളിൽ തണുത്തുറഞ്ഞ ഒരു ഗോളമായി മാത്രം കണ്ടിരുന്ന പ്ലൂട്ടോയെക്കുറിച്ച് കൂടുതൽ അറിയാൻ 2006 ജനുവരി 19-ന് ന്യൂ ഹൊറൈസൺസ് പേടകം യാത്ര തുടങ്ങി. ഒൻപതര വർഷം കൊണ്ട് ഏകദേശം മുന്നൂറ് കോടി മൈലുകൾ താണ്ടി 2015 ജൂലൈ 14-ന് ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയുടെ അടുത്തെത്തി.
തണുത്തുറഞ്ഞ ഈ ലോകത്ത് ഒളിപ്പിച്ച അത്ഭുതങ്ങൾ കണ്ട് ശാസ്ത്രലോകം ഞെട്ടി. പ്ലൂട്ടോയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രതലത്തിൽ കാണുന്ന ഹൃദയത്തിന്റെ ആകൃതിയാണ്. ആയിരം മൈലിലധികം വിസ്തീർണ്ണമുള്ള ഈ പ്രദേശം സ്പുട്നിക് പ്ലാനിഷ്യ എന്നറിയപ്പെടുന്നു. ഇവിടെ ഉൽക്കപതിച്ച ഗർത്തങ്ങൾ ഇല്ലാത്തതിനാൽ പ്രതലം വളരെ ചെറുപ്പമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്ലൂട്ടോയുടെ ഉപരിതലത്തിലെ നൈട്രജൻ ഐസ് പാളികൾ ഇളകിമറിയുന്നതാണ് ഗർത്തങ്ങൾ മാഞ്ഞുപോകാൻ കാരണം. കൂടാതെ, നൈട്രജൻ ഐസ് കടലിന്റെ തീരങ്ങളിൽ ഹിമാലയം പോലെയുള്ള വലിയ മലകളുണ്ട്. പതിനൊന്നായിരം അടി വരെ ഉയരമുള്ള ഈ പർവ്വതങ്ങൾ വെള്ളം കൊണ്ടുള്ള മഞ്ഞ് കൊണ്ട് ഉണ്ടാക്കിയതാണ്.
പ്ലൂട്ടോയുടെ മറ്റൊരിടമാണ് തിമിംഗലത്തിന്റെ ആകൃതിയിലുള്ള 'ക്തുലു മക്കുല'. കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഗർത്തങ്ങൾ ഇവിടെ കാണാം. ന്യൂ ഹൊറൈസൺസ് ദൗത്യത്തിൽ കണ്ടെത്തിയ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് മഞ്ഞ് അഗ്നിപർവ്വതങ്ങൾ. ഇതിൽ നിന്ന് ലാവയല്ല, ഐസിന്റെയും അമോണിയയുടെയും മിശ്രിതമാണ് പുറത്തേക്ക് വരുന്നത്. ഇതിനർത്ഥം പ്ലൂട്ടോയുടെ ഉള്ളിൽ ഇപ്പോഴും ചൂടുണ്ടെന്നാണ്. ഒരുപക്ഷേ, അതിന്റെ കട്ടിയായ ഐസ് പാളിക്കടിയിൽ ദ്രാവകരൂപത്തിലുള്ള ഒരു സമുദ്രം തന്നെയുണ്ടാകാം. പ്ലൂട്ടോയ്ക്ക് ഭൂമിയിലെപ്പോലെ നീല ആകാശമുണ്ടെന്നും പർവ്വതങ്ങളിൽ മീഥേൻ മഞ്ഞുവീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്ലൂട്ടോയുടെ ഏറ്റവും വലിയ ചന്ദ്രനാണ് ചാരോൺ. ചാരോണിന്റെ ഉപരിതലത്തിൽ വലിയ വിള്ളലുകളുണ്ട്. അതിന്റെ ഒരു ധ്രുവത്തിൽ ചുവന്ന നിറത്തിലുള്ള ഒരു പാടുമുണ്ട്. പ്ലൂട്ടോയുടെ അന്തരീക്ഷത്തിൽ നിന്ന് പോകുന്ന വാതകങ്ങൾ ചാരോണിൽ വീണ് ചുവന്ന നിറമുണ്ടാകുന്നതാണ് ഇതിന് കാരണം.
പ്ലൂട്ടോയെ ഗ്രഹമായി കണക്കാക്കുന്നതിൽ തർക്കങ്ങളുണ്ടെങ്കിലും അതൊരു അത്ഭുതകരമായ ലോകമാണെന്നതിൽ സംശയമില്ല. സൗരയൂഥത്തിന്റെ അതിർത്തിയിൽ അത്ഭുതങ്ങൾ ഒളിപ്പിച്ച ഒരു ലോകമുണ്ടെന്ന് ന്യൂ ഹൊറൈസൺസ് നമ്മുക്ക് കാണിച്ചുതന്നു.
Comments ()