3I/ATLAS: കാലത്തിന്റെ ദൂതനോ, അന്യഗ്രഹ സന്ദേശമോ?

2025 ജൂലൈ 1-ന്, ഹവായിലെ ATLAS ടെലിസ്‌കോപ്പ് സൗരയൂഥത്തിലേക്ക് അതിവേഗം വരുന്ന ഒരു അജ്ഞാത വസ്തുവിനെ കണ്ടെത്തി: 3I/ATLAS. ഇതൊരു സാധാരണ വാൽനക്ഷത്രമോ ഉൽക്കയോ ആയിരുന്നില്ല, സൗരയൂഥത്തിന് പുറത്തുനിന്നുള്ള സന്ദർശകനായിരുന്നു ഇത്. ഇതിനുമുമ്പ് ഔമുവാമുവ, ബോറിസോവ് എന്നീ രണ്ട് അതിഥികളെ മാത്രമേ കിട്ടിയിട്ടുള്ളൂ. ഏകദേശം 15 കിലോമീറ്റർ വ്യാസമുള്ള 3I/ATLAS മണിക്കൂറിൽ 21000 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചത്.
ശാസ്ത്രജ്ഞന്മാർ ഇതിനെ ഒരു വാൽനക്ഷത്രമായി കണക്കാക്കിയെങ്കിലും, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആവി ലോബ് ഇതിനെ അന്യഗ്രഹ പേടകമായിരിക്കാമെന്ന് സംശയിച്ചു. 3I/ATLAS ചൊവ്വ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അടുത്തുകൂടി കടന്നുപോയി നവംബർ അവസാനത്തോടെ സൂര്യനോട് ഏറ്റവും അടുത്ത പോയിന്റിലെത്തും. ഈ സമയം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ 3I/ATLAS സൂര്യന്റെ പിന്നിലായിരിക്കും, അതിനാൽ ആഴ്ചകളോളം കാണാൻ കഴിയില്ല. ഇത് മനഃപൂർവം ഒളിക്കാൻ ശ്രമിക്കുന്നതാണോ എന്ന് ലോബ് സംശയം പ്രകടിപ്പിച്ചു. ഡാർക്ക് ഫോറസ്റ്റ് ഹൈപ്പോതസിസ് അനുസരിച്ച്, ബുദ്ധിയുള്ള ജീവികൾ അവരുടെ പേടകങ്ങളെ വാൽനക്ഷത്രങ്ങളുടെ രൂപത്തിൽ അയച്ച് രഹസ്യമായി നിരീക്ഷിക്കാമെന്നും ലോബ് വാദിച്ചു.
എങ്കിലും, മറ്റ് ശാസ്ത്രജ്ഞർ ഈ ഏലിയൻ സിദ്ധാന്തത്തെ തള്ളി, ലളിതമായ വിശദീകരണം സ്വീകരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. ഇതൊരു സാധാരണ വാൽനക്ഷത്രമാണെന്നും, സൗരയൂഥത്തിൽ നിന്ന് പുറത്തേക്ക് പോയതുപോലെ മറ്റേതോ സൗരയൂഥത്തിൽ നിന്ന് ഇങ്ങോട്ട് വന്നതാണെന്നും അവർ വാദിച്ചു.
ഏലിയൻ ചർച്ചകൾ മാറ്റിവെച്ചാൽ, 3I/ATLAS ഒരു അമൂല്യ നിധിയാണ്. ഇത് ജീവന് ആവശ്യമായ വെള്ളവും ഓർഗാനിക് വസ്തുക്കളും പ്രപഞ്ചത്തിൽ സാധാരണമാണോ എന്ന് കണ്ടെത്താൻ സഹായിക്കും. കൂടാതെ, മറ്റ് ഗ്രഹവ്യവസ്ഥകൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചും, പ്രപഞ്ചത്തിന്റെ ആദ്യകാലത്തെ ജലത്തെക്കുറിച്ചും പഠിക്കാൻ ഇതൊരു അവസരമാണ്. യൂറോപ്യൻ സ്പേസ് ഏജൻസി 'കോമറ്റ് ഇന്റർസെപ്റ്റർ' എന്ന ദൗത്യം ആസൂത്രണം ചെയ്യുന്നുണ്ട്, ഭാവിയിൽ വരുന്ന ഇന്റർസ്റ്റെല്ലാർ വസ്തുക്കളെ പഠിക്കാൻ ഇത് ലക്ഷ്യമിടുന്നു. 3I/ATLAS ശാസ്ത്രത്തിന്റെ രണ്ട് മുഖങ്ങളെ ഓർമ്മിപ്പിക്കുന്നു: തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സമീപനവും, അസാധാരണമായ സാധ്യതകളെക്കുറിച്ചുള്ള ആകാംഷയും.
Comments ()